ഖാർഗ് ദ്വീപിന് സമീപം ഇറാന്റെ എണ്ണക്കപ്പലിന് നേർക്ക് യു.എസ് ആക്രമണം; 4 മിസൈലുകൾ പതിച്ചു

 

ഇറാന്റെ സുപ്രധാന എണ്ണ ഖനന-കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപത്ത് വെച്ച് ഇറാന്റെ എണ്ണക്കപ്പലിന് നേർക്ക് യു.എസ് വ്യോമാക്രമണം. നാല് മിസൈലുകളാണ് കപ്പലിൽ പതിച്ചത്. ആക്രമണത്തിന് മുന്നോടിയായി കപ്പലിലെ ജീവനക്കാരെ പൂർണമായി ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമില്ലെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തു.

ആക്രമണത്തെക്കുറിച്ച് ഇറാൻ ഭരണകൂടവും യു.എസ് സെൻട്രൽ കമാൻഡും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓഗസ്റ്റ് 31-ന് ഖാർഗ് ദ്വീപ് അഗ്നിക്കിരയാകുന്നതിന്റെ എ.ഐ നിർമിത വീഡിയോ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഖാർഗിന് നേർക്ക് ആക്രമണമുണ്ടായാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിരുന്നു.

ഒപെക് (OPEC) രാജ്യങ്ങളിൽ പെട്രോളിയം ഉത്പാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഖാർഗ് ദ്വീപ് വഴിയാണ് നടന്നിരുന്നത്. എന്നാൽ ഏപ്രിൽ പകുതിയോടെ അമേരിക്ക ഉപരോധം കടുപ്പിച്ചതോടെ ഇവിടുത്തെ ഉത്പാദനത്തിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്.