75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസ നടപടികൾ നിർത്തിവെച്ച് യുഎസ്; ഇന്ത്യയുടെ അയൽരാജ്യങ്ങളും പട്ടികയിൽ
75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസ (Immigrant Visa) അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് താത്കാലികമായി നിർത്തിവെക്കാൻ യുഎസ് ഭരണകൂടം തീരുമാനിച്ചു. ജനുവരി 21 മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച നിർദ്ദേശം ലോകമെമ്പാടുമുള്ള യുഎസ് കോൺസുലേറ്റുകൾക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നൽകിക്കഴിഞ്ഞു. നിയന്ത്രണം എപ്പോൾ നീക്കുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് കുടിയേറ്റ വിസയ്ക്കായി അപേക്ഷകൾ സമർപ്പിക്കാമെങ്കിലും, നിർത്തിവെച്ചിരിക്കുന്ന കാലയളവിൽ വിസകൾ അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ലാറ്റിനമേരിക്ക, കരീബിയൻ, ദക്ഷിണേഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളെയും ഈ തീരുമാനം ബാധിക്കും.
യുഎസിലേക്ക് സ്ഥിരമായി താമസം മാറാൻ ആഗ്രഹിക്കുന്നവരെ മാത്രമാണ് ഈ നടപടി ബാധിക്കുക. വിസിറ്റർ വിസ (Visitor Visa), മറ്റ് ഹ്രസ്വകാല വിസകൾ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമല്ല. കാനഡയും മെക്സിക്കോയുമായി ചേർന്ന് യുഎസ് ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് അഞ്ച് മാസം മാത്രം ബാക്കിനിൽക്കെയാണ് വിസ നടപടികളിൽ ഇത്തരമൊരു നിർണ്ണായക നീക്കം ഉണ്ടായിരിക്കുന്നത്.