മാർപ്പാപ്പയെ ഭീഷണിപ്പെടുത്തി യുഎസ്; അമേരിക്കൻ സന്ദർശനം റദ്ദാക്കി ലിയോ പതിനാലാമൻ

 

അമേരിക്കയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്. വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിപ്പിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന്, മാർപ്പാപ്പ ലിയോ പതിനാലാമൻ തന്റെ വരാനിരിക്കുന്ന അമേരിക്കൻ സന്ദർശനം റദ്ദാക്കി. സഭയുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് വത്തിക്കാൻ ഈ നീക്കത്തെ കണക്കാക്കുന്നത്.

ശക്തിയിൽ അധിഷ്ഠിതമായ നയതന്ത്രത്തിന് പകരം ചർച്ചകളിലൂടെയുള്ള സമാധാനമാണ് ആവശ്യമെന്ന മാർപ്പാപ്പയുടെ നിലപാടാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. കുടിയേറ്റ നയങ്ങളെയും വിദേശ നയങ്ങളെയും ലിയോ പതിനാലാമൻ നേരത്തെ വിമർശിച്ചിരുന്നു. "യുദ്ധം വീണ്ടും ഫാഷനായി മാറിയിരിക്കുന്നു" എന്ന അദ്ദേഹത്തിന്റെ പരാമർശം അമേരിക്കയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് പെന്റഗൺ വിലയിരുത്തി. യുഎസ് അണ്ടർ സെക്രട്ടറി ഓഫ് വാർ എൽബ്രിഡ്ജ് കോൾബി, വത്തിക്കാൻ സ്ഥാനപതിയെ നേരിട്ട് വിളിച്ച് കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.

14-ാം നൂറ്റാണ്ടിലെ 'അവിഗ്നൻ പാപ്പസി' കാലഘട്ടത്തെക്കുറിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ സൂചിപ്പിച്ചത് വത്തിക്കാനെ കൂടുതൽ പ്രകോപിപ്പിച്ചു. ഫ്രഞ്ച് ഭരണകൂടത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി മാർപ്പാപ്പമാർക്ക് ആസ്ഥാനം മാറ്റേണ്ടി വന്ന സാഹചര്യം ഓർമ്മിപ്പിച്ചത് വ്യക്തമായ സൈനിക ഭീഷണിയായാണ് വത്തിക്കാൻ കാണുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള ക്ഷണം മാർപ്പാപ്പ നിരസിച്ചത്.

വത്തിക്കാനെ ഭീഷണിപ്പെടുത്തിയെന്ന വാർത്തകൾ വൈറ്റ് ഹൗസ് നിഷേധിച്ചു. ചർച്ചകൾ മാന്യമായ രീതിയിലാണ് നടന്നതെന്നും വാർത്തകൾ അതിശയോക്തി കലർന്നതാണെന്നും യുഎസ് യുദ്ധ മന്ത്രാലയം വ്യക്തമാക്കി. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചിട്ടുണ്ട്. അമേരിക്കൻ സന്ദർശനത്തിന് പകരം ആഫ്രിക്കൻ അഭയാർത്ഥി കേന്ദ്രമായ ലാംപെഡൂസ ദ്വീപ് സന്ദർശിക്കാനാണ് മാർപ്പാപ്പയുടെ ഇപ്പോഴത്തെ തീരുമാനം.