ഉപരോധ ഭീഷണിയുമായി അമേരിക്ക; ഹോർമുസ് കടന്ന് ഇറാൻ എണ്ണക്കപ്പലുകൾ
ഇറാനെ വെല്ലുവിളിച്ചുകൊണ്ട് അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ നേരിയ വർധനവുണ്ടായതായി അന്താരാഷ്ട്ര കപ്പൽ ഗതാഗത വിവരങ്ങൾ സൂചിപ്പിക്കുന്നു. അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ ഇറാന്റെ സാമ്പത്തിക മേഖല തകരില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കടലിടുക്കിലൂടെ കടന്നുപോയതിൽ ഭൂരിഭാഗം കപ്പലുകളും ഇറാന്റെയായിരുന്നു. ഇറാൻ നിബന്ധനകൾക്ക് വഴങ്ങി ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ അടുത്ത ആഴ്ചയോടെ രാജ്യത്തെ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാന്റെ എല്ലാ തുറമുഖങ്ങൾക്കും മേൽ ട്രംപ് ഭരണകൂടം വീണ്ടും ക്രൂരമായ നാവിക ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇറാനിയൻ തീരത്ത് കപ്പലുകളുടെ തിരക്ക് വർധിച്ചത്.
ആഗോളതലത്തിൽ കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന പ്രമുഖ പ്ലാറ്റ്‌ഫോമായ കെപ്ലറിലെ വിവരങ്ങൾ പ്രകാരം, ചൊവ്വാഴ്ച തന്ത്രപ്രധാനമായ ഈ കടലിടുക്ക് കടന്നുപോയ 11 കപ്പലുകളിൽ ഒൻപതും സഞ്ചരിച്ചത് ഇറാന്റെ ഔദ്യോഗിക പാതയിലൂടെയായിരുന്നു. സാമ്രാജ്യത്വ ഉപരോധങ്ങളെ പ്രതിരോധിച്ചുകൊണ്ട് ഇറാന്റെ എണ്ണ വ്യാപാരം സജീവമായി നിലനിർത്തുന്നതിന്റെ ഭാഗമായി എണ്ണയില്ലാത്ത മൂന്ന് ഒഴിഞ്ഞ വലിയ എണ്ണക്കപ്പലുകൾ കടലിടുക്കിലേക്ക് പ്രവേശിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ ഒരു ആഫ്രാമാക്സ് കപ്പലും രണ്ട് വിഎൽസിസി കപ്പലുകളും ഉൾപ്പെടുന്നു.
അമേരിക്കൻ യുദ്ധക്കപ്പലുകളുടെ നിരീക്ഷണങ്ങളെ മറികടന്ന് ഇറാന്റെ കയറ്റുമതി ഉൽപന്നങ്ങളുമായി കടലിടുക്ക് കടന്ന് പുറത്തേക്ക് പോയ വിഎൽസിസി കപ്പലിൽ 2 മില്യൺ ബാരൽ ക്രൂഡ് ഓയിലുണ്ട്. ഇതിന് പുറമെ ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങളുമായി പോയ ഒരു മീഡിയം-റേഞ്ച് ടാങ്കറും,എൽപിജി വഹിച്ചുകൊണ്ടുള്ള രണ്ട് ടാങ്കറുകളും വിജയകരമായി കടലിടുക്ക് കടന്നതായി കെപ്ലർ വിവരങ്ങൾ വ്യക്തമാക്കുന്നു. ഉപരോധങ്ങളിലൂടെ ഇറാനെ ഒറ്റപ്പെടുത്താമെന്ന അമേരിക്കയുടെ ലക്ഷ്യത്തിന് തിരിച്ചടിയായാണ് ഹോർമുസിലൂടെ ഇറാന്റെ വ്യാപാരക്കപ്പലുകൾ കടന്നു പോകുന്നത്.