ഇന്ത്യക്ക് 25 ശതമാനം വരെ അധികതീരുവ ചുമത്താൻ യു.എസ്; 14 രാജ്യങ്ങൾക്ക് പുതിയ താരിഫ് ഏർപ്പെടുത്താൻ നീക്കം

 

ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്ക ഒരുങ്ങുന്നു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെയും, ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെയും അധിക തീരുവ ചുമത്താനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ ഈ നിർണായക നീക്കം.

യൂറോപ്യൻ യൂണിയൻ, ബംഗ്ലാദേശ്, ജപ്പാൻ, സ്വിറ്റ്സർലൻഡ്, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വരെ തീരുവ ചുമത്താനും ആലോചനയുണ്ട്. ആഗോള വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വ്യാവസായിക ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് മറ്റ് രാജ്യങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ ഈ നടപടി. എന്നാൽ, അമിതമായ വ്യാവസായിക ഉൽപ്പാദനമെന്ന അമേരിക്കയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൈന വ്യക്തമാക്കി. ഇതിന്റെ പേരിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്താനുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.

അതേസമയം, നേരത്തെ വിവിധ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം ഉണ്ടാക്കിയ വ്യാപാര കരാറുകളിലെ തീരുവ പരിധി മറികടക്കില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം. ചൈനയുമായുള്ള നിലവിലെ ധാരണപ്രകാരം 20 ശതമാനമാണ് തീരുവയുടെ പരമാവധി പരിധി. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവയുമായുള്ള കരാറുകളിൽ 15 ശതമാനവും മലേഷ്യയുമായുള്ള കരാറിൽ 19 ശതമാനവുമാണ് പരിധി. നേരത്തെ ഏർപ്പെടുത്തിയ ചില തീരുവകൾക്ക് പുറമെ പുതിയ നികുതി കൂടി ചുമത്തില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.