ഹോർമുസിൽ യുഎസ്-ഇറാൻ പോര് മുറുകുന്നു; ആക്രമണത്തെ 'സ്നേഹപൂർവമുള്ള തിരിച്ചടി' എന്ന് ട്രംപ്
ഹോർമുസ് കടലിടുക്കിൽ വെടിനിർത്തൽ കരാർ ലംഘിച്ച് വീണ്ടും യുഎസ്-ഇറാൻ ഏറ്റുമുട്ടൽ. ഇറാനിലെ ക്യുഷം ദ്വീപിനും ബന്ദർ അബ്ബാസ് തുറമുഖത്തെ സൈനിക കേന്ദ്രങ്ങൾക്കും നേരെ യുഎസ് സെൻട്രൽ കമാൻഡ് വ്യോമാക്രമണം നടത്തി. ഏപ്രിൽ ഏഴിന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷമുണ്ടാകുന്ന ആദ്യ പ്രധാന സൈനിക നീക്കമാണിതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തുന്ന ഇറാന്റെ സൈനിക സൗകര്യങ്ങളെയാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി. ഇത് ഒരു യുദ്ധത്തിന്റെ തുടക്കമല്ലെന്നും മറിച്ച് ഇറാന്റെ പ്രകോപനങ്ങൾക്ക് നൽകിയ പ്രതിരോധപരമായ മറുപടിയാണെന്നുമാണ് യുഎസ് വിശദീകരണം. എന്നാൽ അമേരിക്കൻ നീക്കത്തിന് പിന്നാലെ ഇറാനും ശക്തമായി വെടിയുതിർത്തതായാണ് വിവരം.
അമേരിക്കയുടെ ഈ സൈനിക നടപടിയെ 'സ്നേഹപൂർവമുള്ള ആക്രമണം' (Friendly Strike) എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാൻ എത്രയും വേഗം സമാധാന കരാറിന് തയ്യാറാകണമെന്നും പ്രകോപനം തുടർന്നാൽ ഇതിലും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കപ്പെടാതെ നിൽക്കുന്ന സാഹചര്യത്തിൽ ഉണ്ടായ ഈ ഏറ്റുമുട്ടൽ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തിയിരിക്കുകയാണ്.