വിപുൽ സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റു
സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ ഔദ്യോഗികമായി ചുമതലയേറ്റു. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ ഇന്ത്യൻ എംബസിയിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. സ്ഥാനമേറ്റെടുത്ത ശേഷം എംബസി അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ അദ്ദേഹം ഉപചാരം അർപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ എല്ലാ മേഖലകളിലും ശക്തിപ്പെടുത്തുകയാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 15-ന് ഇന്ത്യൻ എംബസിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അംബാസഡർ വിപുൽ ദേശീയപതാക ഉയർത്തുകയും സൗദിയിലെ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.
1998 ബാച്ച് ഐ.എഫ്.എസ് (IFS) ഉദ്യോഗസ്ഥനായ വിപുൽ ഇതിനുമുമ്പ് ഖത്തറിലെ ഇന്ത്യൻ അംബാസഡറായും, ദുബായിൽ കോൺസൽ ജനറലായും, വിദേശകാര്യ മന്ത്രാലയത്തിൽ ഗൾഫ് മേഖലയുടെ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.ഐ.ടി ഡൽഹിയിൽ നിന്ന് എൻജിനീയറിങ് ബിരുദവും ഹൈദരാബാദ് ഐ.എസ്.ബിയിൽ (ISB) നിന്ന് എം.ബി.എയും പൂർത്തിയാക്കിയ അദ്ദേഹത്തിന് കൈറോ, കൊളംബോ, ജനീവ എന്നിവിടങ്ങളിലും പ്രവർത്തിച്ച ദീർഘകാല നയതന്ത്ര പരിചയമുണ്ട്.