സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ നാളെ ചുമതലയേൽക്കും; ഇന്ന് റിയാദിലെത്തും
സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ ഇന്ന് റിയാദിലെത്തും. നാളെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലുള്ള ഇന്ത്യൻ എംബസിയിലെത്തി അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും.
ജൂലൈ 31-ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് നിയമനപത്രം സ്വീകരിച്ച വിപുലിന്റെ ആദ്യ പൊതുപരിപാടി ഓഗസ്റ്റ് 15-ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങായിരിക്കും. ചടങ്ങിൽ ദേശീയപതാക ഉയർത്തുന്ന അദ്ദേഹം പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ സമഗ്രമായി ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
1998 ഐ.എഫ്.എസ്. ബാച്ച് ഉദ്യോഗസ്ഥനായ വിപുൽ, ഇതിനുമുമ്പ് ഖത്തറിലെ ഇന്ത്യൻ അംബാസഡറായാണ് സേവനമനുഷ്ഠിച്ചിരുന്നത്. കൂടാതെ ദുബായിൽ കോൺസൽ ജനറലായും വിദേശകാര്യ മന്ത്രാലയത്തിൽ ഗൾഫ് മേഖലയുടെ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.