വിസിറ്റ് ഖത്തർ ‘ഹല സമ്മർ’ കാമ്പയിന് തുടക്കമായി; മാളുകളിലും ഹോട്ടലുകളിലും വിനോദ പരിപാടികൾ
സന്ദർശകരെയും സ്വദേശികളെയും ആകർഷിക്കാൻ ലക്ഷ്യമിട്ട് വിസിറ്റ് ഖത്തറിന്റെ ‘ഹല സമ്മർ’ കാമ്പയിന് രാജ്യത്തുടനീളം തുടക്കമായി. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന ഈ കാമ്പയിന്റെ ഭാഗമായി ഖത്തറിലെ പ്രമുഖ മാളുകളും ഹോട്ടലുകളും വൈവിധ്യമാർന്ന വിനോദ കേന്ദ്രങ്ങളായി മാറും.
മാൾ ഓഫ് ഖത്തർ, ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വെൻഡോം, വില്ലാജിയോ മാൾ, സിറ്റി സെന്റർ ദോഹ, ലാൻഡ്മാർക്ക് മാൾ, ദോഹ മാൾ, ഹയാത്ത് പ്ലാസ, അൽ ഹസം, ഗെവാൻ ഐലൻഡ്, വെസ്റ്റ് വാക്ക് എന്നിവിടങ്ങളിലാണ് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിപുലമായ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. കാപ്സ്യൂൾ മെഷീനുകൾ, പസിൽ ചലഞ്ചുകൾ, ബലൂൺ മെഷീനുകൾ, ടൈമർ മത്സരങ്ങൾ തുടങ്ങിയ ആകർഷകമായ ഗെയിമുകൾ ഇതിന്റെ ഭാഗമായി ഉണ്ടാകും. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ഷോപ്പിങ് ഡിസ്‌കൗണ്ട് വൗച്ചറുകളും ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.
ഗെവാൻ ഐലൻഡ്, വെസ്റ്റ് വാക്ക് എന്നിവിടങ്ങളിൽ ഖത്തർ ടോയ് ഫെസ്റ്റിവലിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ നേരിൽ കാണാനും സംവദിക്കാനുമുള്ള ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ആഗസ്റ്റ് മാസത്തിൽ കാമ്പയിന്റെ ഭാഗമായ മാളുകളിൽ നിന്ന് 200 റിയാലിൽ കൂടുതൽ തുകയ്ക്ക് ഷോപ്പിങ് നടത്തുന്നവർക്ക് മെഗാ നറുക്കെടുപ്പിലൂടെ ലക്ഷ്വറി കാർ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. സെപ്റ്റംബർ മാസത്തിൽ ‘സയൻസ് സ്ട്രീറ്റ് ബൈക്ക്’ എന്ന പേരിൽ നടക്കുന്ന ഇന്ററാക്ടീവ് പരേഡായിരിക്കും പ്രധാന ആകർഷണം.