ജബൽ ജൈസിൽ സന്ദർശക വിലക്ക്; സുരക്ഷാ പരിശോധന തുടരുന്നു

 

കനത്ത മഴയെത്തുടർന്ന് യുഎഇയിലെ ഏറ്റവുംയർന്ന കൊടുമുടിയായ ജബൽ ജൈസിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശക വിലക്കേർപ്പെടുത്തി. സുരക്ഷാ പരിശോധനകളുടെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായാണ് റാസൽഖൈമ അധികൃതരുടെ നടപടി. ഡിസംബർ 17 മുതൽ 19 വരെ നീണ്ടുനിന്ന കനത്ത മഴയിൽ മലനിരകളിൽ വെള്ളം കെട്ടിനിൽക്കുകയും പാതകളിൽ തടസ്സങ്ങൾ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ജൈസ് ഫ്ലൈറ്റ് സിപ്പ്‌ലൈൻ, പ്യൂറോ 1484 റെസ്റ്റോറന്റ്, റെഡ് റോക്ക് ബിബിക്യൂ, ബിയർ ഗ്രിൽസ് എക്സ്പ്ലോറേഴ്സ് ക്യാമ്പ്, വ്യൂവിങ് ഡെക്ക് പാർക്കിലെ യോഗ സെഷനുകൾ തുടങ്ങിയവയെല്ലാം താൽക്കാലികമായി നിർത്തിവെച്ചു. പാറകൾ ഇടിഞ്ഞു വീഴാനോ പാതകളിൽ വഴുക്കൽ അനുഭവപ്പെടാനോ സാധ്യതയുള്ളതിനാൽ വാദികളിൽ ക്യാമ്പ് ചെയ്യരുതെന്ന് സന്ദർശകർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്പെഷ്യലിസ്റ്റ് ടീമുകൾ മേഖലയിൽ വിശദമായ പരിശോധന നടത്തിവരികയാണ്.

സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് മർജാൻ ലൈഫ്സ്റ്റൈൽ സിഇഒ ഡൊണാൾഡ് ബ്രെംനർ അറിയിച്ചു. ഓരോ വിനോദസഞ്ചാര കേന്ദ്രവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഘട്ടംഘട്ടമായി മാത്രമേ സന്ദർശകർക്കായി തുറന്നുകൊടുക്കൂ. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് ജബൽ ജൈസിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി പുതുക്കിയ വിവരങ്ങൾ അറിയിക്കും.