ചെകുത്താനോടുള്ള യുദ്ധം' തുടരും, അമേരിക്കയുമായി ഇനി ചർച്ചയില്ല

 
അമേരിക്കയുമായി യാതൊരുവിധ നയതന്ത്ര ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്കയോടുള്ളത് 'ചെകുത്താനോടുള്ള യുദ്ധം' ആണെന്നും ശത്രുവിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ളവരെ വധിച്ച അമേരിക്കയുമായി ചർച്ചയെന്നത് ചിന്തിക്കാനാവാത്ത കാര്യമാണെന്നും ശക്തമായ പ്രത്യാക്രമണം തുടരുമെന്നും ടെഹ്റാൻ മുന്നറിയിപ്പ് നൽകി. അമേരിക്ക മുൻകയ്യെടുത്ത് ചർച്ച നടത്തണമെന്ന റഷ്യയുടെ സുപ്രധാന നിർദ്ദേശമടക്കം തള്ളിക്കൊണ്ടാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനൊപ്പമാണ് റഷ്യ, അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ചൂണ്ടിക്കാട്ടിയിരുന്നു.