പശ്ചിമേഷ്യന്‍ സംഘര്‍ഷം: സൗദിക്കു പോകുന്ന കപ്പല്‍ കൊല്ലത്ത് നങ്കൂരമിട്ടു
പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷം അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിക്കുന്നു. ഹോങ്കോങില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന ഓഫ് ഷോര്‍ സപ്ലൈ വെസല്‍ സുരക്ഷാ ഭീഷണിയെത്തുടർന്ന് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. സൗദി തീരം ഉള്‍പ്പെടെയുള്ള ഗള്‍ഫ് സമുദ്രമേഖലയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് കപ്പല്‍ കൊല്ലത്ത് അടുപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
കപ്പല്‍ അധികൃതര്‍ സഹായം അഭ്യര്‍ത്ഥിച്ചതോടെ മാനുഷിക പരിഗണനയടക്കം കണക്കിലെടുത്ത് കൊല്ലം തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കുകയായിരുന്നു. 12 ജീവനക്കാരാണ് ഈ കപ്പലിലുള്ളത്. കടലിലെ എണ്ണവാതക പര്യവേക്ഷണ കേന്ദ്രങ്ങള്‍, മറ്റ് കപ്പലുകള്‍ എന്നിവയിലേക്ക് ആവശ്യമായ ഇന്ധനം, കുടിവെള്ളം, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ എത്തിക്കുന്ന പ്രത്യേക തരം കപ്പലുകളാണ് ഓഫ്ഷോര്‍ സപ്ലൈ വെസലുകൾ. ഇവ സാധാരണ ചരക്ക് കപ്പലുകളുടെ ഗണത്തില്‍ പെടുന്നവയല്ല. മേഖലയിലെ സംഘര്‍ഷം കുറയുന്നത് വരെ കപ്പല്‍ കൊല്ലത്ത് തുടരാനാണ് സാധ്യത.