പശ്ചിമേഷ്യൻ സംഘർഷം; ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും കൂടിക്കാഴ്ച നടത്തി. ലുസൈൽ പാലസിൽ നടന്ന ചർച്ചയിൽ ഇറാന്റെ ആക്രമണവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും പ്രധാന വിഷയങ്ങളായി.
രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കാനുള്ള ഖത്തറിന്റെ എല്ലാ നീക്കങ്ങൾക്കും ബ്രിട്ടൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി യുഎസും ഇറാനും തമ്മിൽ പ്രഖ്യാപിച്ച വെടിനിർത്തൽ നീക്കത്തെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഈ നയതന്ത്ര വിജയം സമാധാനം ഉറപ്പാക്കാൻ ഗുണകരമാകുമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള ചരക്കുനീക്കവും ഊർജ്ജ വിതരണവും സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ശാശ്വതമായ ഒരു സമാധാന ഉടമ്പടി അനിവാര്യമാണെന്ന് ചർച്ചയിൽ വിലയിരുത്തലുണ്ടായി. ഇതിനായി അന്താരാഷ്ട്ര കക്ഷികളുമായി ചേർന്ന് സംയുക്ത ശ്രമങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. പ്രാദേശിക സുരക്ഷയ്ക്കൊപ്പം തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ എടുത്തുപറഞ്ഞു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി എന്നിവരും ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പമുള്ള ഉന്നതതല സംഘവും ചർച്ചയിൽ പങ്കെടുത്തു.