പശ്ചിമേഷ്യൻ സംഘർഷം; കുവൈത്ത് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്

 

പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാ ജാബർ അൽ അഹ്മദ് അൽ സബഹുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർണ്ണായക കൂടിക്കാഴ്ച നടത്തി. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബഹിന്റെ പ്രത്യേക ആശംസകൾ ശൈഖ് ജറാ ജാബർ യുഎഇ പ്രസിഡന്റിന് കൈമാറി.

യുഎഇയും കുവൈത്തും തമ്മിലുള്ള സുദൃഢമായ സാഹോദര്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും അന്താരാഷ്ട്ര സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അവയുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും യോഗത്തിന്റെ പ്രധാന അജണ്ടയായിരുന്നു.

യൂഎഇ, കുവൈത്ത് ഉൾപ്പെടെയുള്ള മേഖലയിലെ രാജ്യങ്ങൾക്കെതിരായ തുടർച്ചയായ ഇറാൻ ആക്രമണങ്ങളും അവ പ്രതിരോധിക്കാനുള്ള വഴികളും ചർച്ചയായി. രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഒത്തൊരുമിച്ചുള്ള നീക്കങ്ങൾ അനിവാര്യമാണെന്ന് നേതാക്കൾ വിലയിരുത്തി. യുഎഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.