എന്താണ് അബ്രഹാം ഉടമ്പടി??

 

ആറു വർഷങ്ങൾക്ക് ശേഷം വീണ്ടും ചർച്ചകളിൽ നിറയുകയാണ് അബ്രഹാം ഉടമ്പടി.ഇറാനുമായുള്ള സമാധാന ചർച്ച തുടരുന്നതിനിടെ സൗദി, ഖത്തർ, പാക്കിസ്ഥാൻ തുർക്കി, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിലെ ഭരണാധികാരികളോട് ഇസ്രഈലുമായുള്ള അബ്രഹാം ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്.

എന്താണ് അബ്രഹാം ഉടമ്പടി

നൂറ്റാണ്ടുകളായി ശത്രുക്കൾ ആയിരുന്നവരെ സുഹൃത്തുക്കൾ ആക്കി മാറ്റിയ ഒരു ഉടമ്പടി. ഇസ്രയേലും അറബ് രാഷ്ട്രങ്ങളും കൈകോർത്ത ആ ഒരു ഉടമ്പടി . 2020 സെപ്റ്റംബർ 15-ന് വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡൻറ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രായേൽ , യു.എ.ഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. അബ്രഹാം ഉടമ്പടി
.പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അറബ്-ഇസ്രയേൽ ശത്രുത അവസാനിപ്പിച്ച് സാമ്പത്തിക, സുരക്ഷാ, സാങ്കേതിക മേഖലകളിൽ സഹകരണം ഉറപ്പാക്കുക എന്നതായിരുന്നു ഇതിന്റെ കാതൽ. പിന്നീട് യു.എ.ഇക്കും ബഹ്‌റൈനും പിന്നാലെ മൊറോക്കോ, സുഡാൻ എന്നീ രാജ്യങ്ങളും ഈ ഉടമ്പടിയുടെ ഭാഗമാവുകയും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു.

ജൂതമതത്തിനും ഇസ്ലാം മതത്തിനും ക്രിസ്തു മതത്തിനും പൊതുവായുള്ള പിതാമഹൻ എന്ന നിലയിൽ പ്രവാചകനായ അബ്രഹാമിന്റെ' പേരാണ് ഈ ഉടമ്പടികൾക്ക് നൽകിയിരിക്കുന്നത്. മതങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പുതിയ മധ്യപൂർവേഷ്യയുടെ ഉദയം എന്നാണ് ട്രംപ് ഇതിനെ അന്ന് വിശേഷിപ്പിച്ചത്.

പിന്നീട് വ്യപാര, യാത്രാ, വിനോദസഞ്ചാര, വ്യവസായ മേഖലയിൽ നിരവധി സഹകരണ കരാറുകളിലും ഈ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെക്കുകയുണ്ടായി. പ്രധാനമായും നിർമ്മിത ബുദ്ധി അടക്കമുള്ള നവീന സാങ്കേതിക വിദ്യകളുടെ മേഖലയിലാണ് സഹകരണ കരാറുകൾ കൂടുതലായി ഒപ്പുവെച്ചത്. ഇസ്രയേലുമായി സമഗ്ര സാമ്പത്തിക സഹകരണ കരാറിലും യു.എ.ഇ ഒപ്പുവെച്ചിട്ടുണ്ട്. ഈ ഉടമ്പടിയിൽ ഒപ്പുവെക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ രാജ്യമാണിത്. ഇതുവഴി യു.എ.ഇ ഉൽപന്നങ്ങൾക്ക് ഇസ്രയേൽ വിപണിയിൽ അതിവേഗം എത്തിച്ചേരാവുന്ന അവസ്ഥയുണ്ടായി.

മിഡിൽ ഈസ്റ്റിൽ വലിയ സ്വാധീനമുള്ള രാജ്യങ്ങളായ സൗദി അറേബ്യയെയും ഖത്തറിനെയും ഈ ഉടമ്പടിയുടെ ഭാഗമാക്കാൻ അമേരിക്ക കാലങ്ങളായി ശ്രമിക്കുന്നുണ്ട്. ഇതിന് പുറമേ ഇപ്പോൾ പാക്കിസ്ഥാൻ തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ കൂടി അബ്രഹാം ഉടമ്പടിയിൽ ഒപ്പ് വയ്ക്കണമെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടു.ഈ രാജ്യങ്ങൾ കൂടി അബ്രഹാം കരാറിൽ ഒപ്പുവെച്ചാൽ, അത് മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും