സൗദിയിൽ പരക്കെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാ നിർദേശം
സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വരും മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാത്രിയിലും പുലർച്ചെയും ചില മേഖലകളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ വ്യക്തമാക്കുന്നു.
ജീസാൻ, അസീർ, അൽ ബാഹ, മക്ക, മദീന എന്നീ പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിൽ ഇടത്തരം മുതൽ ശക്തമായ അളവിൽ ഇടിമിന്നലോടെ മഴ പെയ്തേക്കും. ഇത് താഴ്ന്ന പ്രദേശങ്ങളിൽ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് കാരണമായേക്കാം. മഴയ്ക്കൊപ്പം കനത്ത കാറ്റും ആലിപ്പഴ വർഷവും കാഴ്ചമറയ്ക്കുന്ന രീതിയിൽ പൊടിപടലങ്ങൾ ഉയരുന്നതിനും സാധ്യതയുണ്ട്.
ഇതിനുപുറമേ ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖലകൾ, നജ്റാൻ, കിഴക്കൻ പ്രവിശ്യയുടെയും റിയാദിന്റെയും തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.