ശൈത്യകാലത്തിന് തുടക്കം; ജിദ്ദയിൽ സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ്

 

ജിദ്ദയിൽ ശൈത്യകാലത്തിന് തുടക്കമായതോടെ സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സൗദി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ജിദ്ദയിലെ എല്ലാ പൊതു സ്കൂളുകൾക്കും പുതിയ സമയക്രമം ബാധകമാകും. ജിദ്ദയ്ക്ക് പുറമെ മക്ക, മദീന എന്നീ നഗരങ്ങളിലെ സ്കൂളുകളിലും ഈ സമയമാറ്റം നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തിയാണ് പുതിയ ക്രമീകരണം. വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം ജിദ്ദയിലും മക്കയിലും രാവിലെ പ്രവർത്തിക്കുന്ന സ്കൂളുകൾ 7:15-ന് ക്ലാസുകൾ ആരംഭിക്കും. സായാഹ്ന സ്കൂളുകൾ ഉച്ചകഴിഞ്ഞ് 3:00-ന് പ്രവർത്തനമാരംഭിക്കും. എന്നാൽ മദീനയിൽ സ്കൂൾ സമയത്തിൽ ചെറിയ വ്യത്യാസമുണ്ട്; അവിടെ ആൺകുട്ടികളുടെ സ്കൂളുകൾ രാവിലെ 7:15-നും പെൺകുട്ടികളുടെ സ്കൂളുകൾ 7:30-നുമാണ് ആരംഭിക്കുക. തണുപ്പുകാലത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ അധ്യയനം സുഗമമാക്കാൻ പുതിയ സമയക്രമം സഹായകമാകും.