ലോകകപ്പ് ഫൈനൽ: ലിങ്ക് വ്യാജമെങ്കിൽ പണികിട്ടും; യുഎഇയിൽ ഒരു ലക്ഷം ദിർഹം വരെ പിഴ

 

ലോകകപ്പ് ഫൈനൽ മത്സരങ്ങൾ അനധികൃത വെബ്‌സൈറ്റുകളിലൂടെയോ ലിങ്കുകളിലൂടെയോ കാണുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയം. ഔദ്യോഗിക ലൈസൻസുള്ള പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം മത്സരങ്ങൾ കാണണമെന്നും അനുമതിയില്ലാതെ ദൃശ്യങ്ങൾ പങ്കുവെക്കുകയോ പുനഃസംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

യുഎഇ പകർപ്പവകാശ നിയമപ്രകാരം അംഗീകാരമില്ലാത്ത സൈറ്റുകളിൽ നിന്ന് കായിക മത്സരങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതരമായ കുറ്റമാണ്. നിയമലംഘകർക്ക് 10,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. തടവുശിക്ഷ, അനധികൃത സംപ്രേഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടൽ, വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യൽ എന്നിവയാണ് മറ്റ് നടപടികൾ.

മിഡിൽ ഈസ്റ്റ് - നോർത്ത് ആഫ്രിക്ക (MENA) മേഖലയിൽ 'ബീഇൻ സ്‌പോർട്‌സിനാണുള്ളത്' (beIN Sports) ആണ് ഔദ്യോഗിക സംപ്രേഷകർ. ടെലിവിഷൻ വഴിയും അവരുടെ 'TOD' ആപ്പ് വഴിയും മത്സരങ്ങൾ സുരക്ഷിതമായി കാണാം. പുറത്തുപോയി കളി കാണാൻ ആഗ്രഹിക്കുന്നവർക്കായി അബുദാബിയിലും ദുബൈയിലും ഫാൻ സോണുകളും വലിയ സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്. വ്യാജ ലിങ്കുകൾ വലിയ സൈബർ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും അതിനാൽ ഔദ്യോഗിക സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.