ലോക ഫാൽക്കൺ ലേലം ആഗസ്റ്റ് അഞ്ച് മുതൽ റിയാദിൽ

 

ലോകത്തിലെ ഏറ്റവും വലിയ ഫാൽക്കൺ (പരുന്ത്) ലേലത്തിന് സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് വീണ്ടും വേദിയാകുന്നു. ആഗസ്റ്റ് അഞ്ച് മുതൽ 25 വരെ റിയാദിലെ മൽഹാമിലുള്ള നാഷണൽ ഫാൽക്കൺ സെന്ററിലാണ് ലേലം നടക്കുന്നത്. ലേലത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ ഇനം പരുന്തുകളെ സൗദിയിൽ എത്തിച്ചുതുടങ്ങി.

ഓസ്ട്രിയ, നെതർലാൻഡ്‌സ്, റൊമാനിയ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്തമായ ഫാമുകളിൽ നിന്നുള്ള പരുന്തുകളാണ് ആദ്യഘട്ടത്തിൽ എത്തിയിട്ടുള്ളത്. ലേലത്തിൽ നേരിട്ട് പങ്കെടുക്കാൻ തത്സമയ സൗകര്യത്തിന് പുറമെ വിവിധ രാജ്യങ്ങളിലെ ഫാമുകളുടെ പവലിയനുകളും പരുന്ത് പരിപാലന ഉപകരണങ്ങളുടെ സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്.

തുടക്കക്കാർക്കായി 'ഭാവിയിലെ ഫാൽക്കണർ' എന്ന പ്രത്യേക വിഭാഗവും മേളയിലുണ്ട്. കഴിഞ്ഞ വർഷം 23 രാജ്യങ്ങളിൽ നിന്നായി 1.3 കോടിയിലേറെ സൗദി റിയാലിന്റെ 1,103 ഫാൽക്കണുകളാണ് വിറ്റഴിഞ്ഞത്.