ലോക ജിയു-ജിറ്റ്‌സു ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് ഒന്നുമുതൽ അബുദാബിയിൽ
ലോക ജിയു-ജിറ്റ്‌സു ചാമ്പ്യൻഷിപ്പിന് (World Ju-Jitsu Championship) ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി അബുദാബി. വരാനിരിക്കുന്ന ചാമ്പ്യൻഷിപ്പിന്റെ സുഗമമായ നടത്തിപ്പിനായുള്ള പ്രവർത്തന രൂപരേഖയ്ക്ക് സംഘാടക സമിതി അംഗീകാരം നൽകി. ഓഗസ്റ്റ് ഒന്നു മുതൽ ഒമ്പത് വരെ അബുദാബിയിലെ പ്രശസ്തമായ മുബാദല അരീനയിലാണ് ലോക ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. ജിയു-ജിറ്റ്‌സു ഇന്റർനാഷണൽ ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ വൻകിട കായിക മാമാങ്കത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് അത്‌ലറ്റുകൾ പങ്കെടുക്കും.
ഏറ്റവും ഉയർന്ന സംഘാടക സാങ്കേതിക നിലവാരത്തിൽ ടൂർണമെന്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ സംഘാടക സമിതി കഴിഞ്ഞ ദിവസം മുബാദല അരീനയിൽ പ്രത്യേക യോഗം ചേർന്നിരുന്നു. സംഘാടക സമിതി ചെയർമാൻ യൂസഫ് അബ്ദുല്ല അൽ ബത്റാൻ, ഫെഡറേഷൻ ജനറൽ സെക്രട്ടറി ഫഹദ് അലി അൽ ശംസി, സമിതി അംഗം താരിഖ് അൽ ബഹ്രി, ഫെഡറേഷൻ പ്രതിനിധി കോൺസ്റ്റാന്റിൻ പാവ്‌ലെങ്കോ തുടങ്ങിയ പ്രമുഖർ യോഗത്തിൽ സംബന്ധിച്ചു. അന്താരാഷ്ട്ര തലത്തിൽ യു.എ.ഇയുടെ കായിക പെരുമ ഉയർത്തുന്ന രീതിയിലാണ് ചാമ്പ്യൻഷിപ്പിന്റെ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നത്.