ആറു വർഷത്തിന് ശേഷം ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; ഡൽഹി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തേക്കും
Jul 31, 2026, 16:01 IST
ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് സെപ്റ്റംബറിൽ ഇന്ത്യയിലെത്തിയേക്കുമെന്ന് സൂചന. സെപ്റ്റംബർ 12, 13 തീയതികളിലാണ് സന്ദർശനം പ്രതീക്ഷിക്കുന്നത്. 2020-ലെ ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമായിരിക്കും ഇത്.
2019 ഒക്ടോബറിലായിരുന്നു ഷീ ജിൻപിങ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സെപ്റ്റംബറിലെ യാത്ര യാഥാർത്ഥ്യമായാൽ ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമായി ഇത് മാറും. ഷീയുടെ വരവിന് മുന്നോടിയായി അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനും ഉന്നതതല ചർച്ചകൾക്കുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈന സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.