യമനിലെ തടവുകാരുടെ കൈമാറ്റ കരാർ; സ്വാഗതം ചെയ്ത് കുവൈത്ത്

 

യമനിലെ തടവുകാരെ കൈമാറുന്നത് സംബന്ധിച്ച് ഉണ്ടായ പുതിയ കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു. യമനെ സമാധാനത്തിലേക്കും സ്ഥിരതയിലേക്കും നയിക്കുന്ന സുപ്രധാനമായ ചുവടുവെപ്പാണ് ഈ കരാറെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. വർഷങ്ങളായി തുടരുന്ന യമൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും മാനുഷികമായ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് കുവൈത്ത് പ്രത്യാശ പ്രകടിപ്പിച്ചു.

കരാറിൽ എത്തുന്നതിനായി ഒമാനും സൗദി അറേബ്യയും നടത്തിയ ക്രിയാത്മകമായ മധ്യസ്ഥ ശ്രമങ്ങളെ വിദേശകാര്യ മന്ത്രാലയം പ്രത്യേകം അഭിനന്ദിച്ചു. ഒപ്പം യു.എൻ സെക്രട്ടറി ജനറലിന്റെ യമനിലേക്കുള്ള പ്രത്യേക ദൂതന്റെ ഓഫീസിനെയും അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയെയും (ICRC) മന്ത്രാലയം അഭിനന്ദനമറിയിച്ചു. യമനിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും അവിടുത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പൂർണ്ണ പിന്തുണ മന്ത്രാലയം ആവർത്തിച്ചു.