ബഹ്റൈനിൽ വിസ മാറാതെ മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യാം; പ്രവാസികൾക്ക് ആശ്വാസമായി പുതിയ നിയമം
ബഹ്‌റൈനിൽ പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) പുതിയ തീരുമാനം. നിലവിലെ വർക്ക് പെർമിറ്റും വിസയും മാറ്റാതെ തന്നെ മറ്റു സ്ഥാപനങ്ങളിൽ താൽക്കാലികമായി ജോലി ചെയ്യാൻ അനുമതി നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള പ്രവാസി ജീവനക്കാർക്ക് ലഭിക്കുന്ന ഈ ആനുകൂല്യം രാജ്യത്തെ വാണിജ്യ-വ്യവസായ മേഖലകളിൽ കൂടുതൽ വഴക്കമുള്ള തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
തൊഴിൽ, നിയമകാര്യ മന്ത്രിയും എൽ.എം.ആർ.എ ചെയർമാനുമായ യൂസഫ് ഖലഫ് ഒപ്പുവെച്ച 2026-ലെ രണ്ടാം നമ്പർ തീരുമാനപ്രകാരമാണ് പുതിയ ഉത്തരവ്. സെപ്റ്റംബർ 24-ലെ ഒഫീഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഭേദഗതികൾ പ്രാബല്യത്തിലായിക്കഴിഞ്ഞു. ഇതുപ്രകാരം തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതത്തോടെയും നിലവിലെ തൊഴിലുടമ, പുതിയ സ്ഥാപനം, എൽ.എം.ആർ.എ എന്നിവരുടെ പൂർണ്ണ അംഗീകാരത്തോടെയും പരമാവധി മൂന്ന് മാസം വരെ രണ്ടാമതൊരു സ്ഥാപനത്തിൽ താൽക്കാലിക ജോലി ചെയ്യാം. സ്വീകരിക്കുന്ന സ്ഥാപനത്തിലെ ബഹ്‌റൈനൈസേഷൻ നിരക്ക് കുറവാണെങ്കിൽ എൽ.എം.ആർ.എ നിഷ്കർഷിക്കുന്ന പ്രത്യേക ഫീസ് ഒടുക്കേണ്ടി വരും.
കൂടാതെ, സ്വന്തം ഉടമസ്ഥതയിലുള്ള ഒരേ ഗ്രൂപ്പിലെ മറ്റ് സ്ഥാപനങ്ങളിലോ വ്യത്യസ്ത സി.ആർ ഉള്ള സ്ഥാപനങ്ങളിലോ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്താൻ തൊഴിലുടമകൾക്ക് പുതിയ നിയമം ഇളവുകൾ നൽകുന്നുണ്ട്. താൽക്കാലിക ജോലി കാലയളവിൽ തൊഴിലാളിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഇരു തൊഴിലുടമകൾക്കും നിയമപരമായ ഉത്തരവാദിത്തമുണ്ടായിരിക്കും.