12 മണിക്കൂർ മുമ്പ് എത്തണം; പ്രവാസി യാത്രക്കാർക്ക് പുതിയ നിർദേശവുമായി ഒമാൻ എയർ

 

റോഡ് മാർഗ്ഗം അതിർത്തി കടന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് പുതിയ നിർദേശവുമായി ഒമാൻ എയർ. വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 12 മണിക്കൂർ മുമ്പെങ്കിലും അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്തിച്ചേരണമെന്നാണ് വിമാനക്കമ്പനിയുടെ നിർദേശം. മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യം കാരണം അതിർത്തികളിൽ കനത്ത തിരക്ക് അനുഭവപ്പെടുന്നതും സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയമെടുക്കുന്നതും കണക്കിലെടുത്താണിത്.

യുഎഇയിൽ വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് കുടുങ്ങിപ്പോയ യാത്രക്കാരെ സഹായിക്കാൻ ഒമാൻ എയറും സലാം എയറും ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഷാർജയിൽ നിന്ന് മസ്‌കറ്റിലേക്ക് പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തി. ഇത്തരത്തിൽ റോഡ് മാർഗ്ഗം ഒമാനിലെത്തി യാത്ര തുടരുന്നവർക്കാണ് പുതിയ സമയക്രമം ബാധകമാകുക. നിലവിലെ സാഹചര്യം പരിഗണിച്ച് യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗിൽ ഒമാൻ എയർ വലിയ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

2026 മാർച്ച് 29 വരെയുള്ള ഏത് ദിവസത്തേക്കും ടിക്കറ്റുകൾ സൗജന്യമായി മാറ്റാൻ (Reschedule) യാത്രക്കാർക്ക് സാധിക്കും. ഇതിനായി അധിക നിരക്ക് നൽകേണ്ടതില്ല. കൂടാതെ, മാർച്ച് 8-നോ അതിന് മുമ്പോ യാത്ര നിശ്ചയിച്ചിരുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും റീഫണ്ട് ലഭിക്കും. ഒമാൻ എയർ വെബ്‌സൈറ്റിലെ 'മാനേജ് ബുക്കിംഗ്' വഴി ഇതിനായി അപേക്ഷിക്കാം. തിരക്ക് കുറയ്ക്കുന്നതിനായി ലണ്ടൻ, ഇസ്താംബുൾ, ബാങ്കോക്ക്, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് മാർച്ച് രണ്ടാം വാരം വരെ അധിക സർവീസുകൾ നടത്തുമെന്നും ഒമാൻ എയർ അറിയിച്ചിട്ടുണ്ട്.