ഹോർമുസിൽ നിർദ്ദേശിച്ച പാതയിലൂടെ മാത്രമേ പോകാവൂ, ഇല്ലെങ്കിൽ നടപടി; കപ്പലുകൾക്ക് കർശന മുന്നറിയിപ്പുമായി ഇറാൻ

 

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ എണ്ണക്കപ്പലുകളും തങ്ങൾ നിർദ്ദേശിച്ചിട്ടുള്ള നാവിഗേഷൻ പാതകൾ കർശനമായി പാലിക്കണമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡായ 'ഖത്തം അൽ-അൻബിയ' മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച സർക്കാർ ടെലിവിഷനിലൂടെ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്.

നിശ്ചിത പാതയിൽ നിന്ന് വ്യതിചലിക്കുകയോ ഇറാൻ നിശ്ചയിച്ചിട്ടുള്ള നാവിഗേഷൻ പ്രോട്ടോക്കോളുകൾ അവഗണിക്കുകയോ ചെയ്യുന്ന കപ്പലുകൾക്കെതിരെ സായുധ സേന ഉടൻതന്നെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ഇത്തരം നിയമലംഘനങ്ങൾ കപ്പലുകളുടെ സുരക്ഷയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഹോർമുസ് കടലിടുക്കിന് മുകളിലൂടെ അമേരിക്കൻ യുദ്ധവിമാനങ്ങൾ തുടർച്ചയായി പറക്കുന്നത് മേഖലയിലെ സമാധാനം തകർക്കുന്നതാണെന്നും, ഇത് പ്രാദേശിക സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും ഇറാൻ ആരോപിച്ചു. യു.എസ്-ഇറാൻ ചർച്ചകൾ മധ്യസ്ഥർ മുഖേന ഖത്തറിൽ പുരോഗമിക്കുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു കടുത്ത ജാഗ്രതാ നിർദ്ദേശം ഉണ്ടായിരിക്കുന്നത്. എന്നാൽ, പുതിയ മുന്നറിയിപ്പിലേക്ക് നയിച്ച കൃത്യമായ കാരണം വിശദീകരിക്കാൻ സൈനിക കമാൻഡ് തയ്യാറായിട്ടില്ല.