യു.എ.ഇയിലെ കഫേകളിലും ഹോട്ടലുകളിലും സംഗീതം പ്ലേ ചെയ്യാൻ ഇനി ഫീസ് നൽകണം

 

യു.എ.ഇയിലെ കഫേകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മാളുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ പകർപ്പവകാശമുള്ള സംഗീതം ഉപയോഗിക്കുന്നതിന് ഡിസംബർ 1 മുതൽ വാർഷിക റോയൽറ്റി ഫീസ് നിലവിൽ വരും. ഫിറ്റ്‌നസ് സെന്ററുകൾ, എയർലൈനുകൾ, റേഡിയോ-ടിവി ചാനലുകൾ, കച്ചേരികൾ എന്നിവയ്ക്കും ഇത് ബാധകമാണ്. പകർപ്പവകാശ സംരക്ഷണത്തിന്റെ ഭാഗമായി സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് പുതിയ നയം പ്രഖ്യാപിച്ചത്.

സ്ഥാപനങ്ങളുടെ വലുപ്പവും സംഗീതം ഉപയോഗിക്കുന്ന രീതിയും അനുസരിച്ചായിരിക്കും ഫീസ് നിർണയിക്കുക. തത്സമയ സംഗീത പരിപാടികൾക്കും ഡി.ജെ ഷോകൾക്കും ഉയർന്ന നിരക്കായിരിക്കും. 'എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ', 'മ്യൂസിക് നേഷൻ' എന്നീ അംഗീകൃത സ്ഥാപനങ്ങൾ വഴിയാണ് ഫീസ് ഈടാക്കുക.

അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ദേശീയ ആഘോഷങ്ങൾ, വാണിജ്യേതര സ്വകാര്യ ചടങ്ങുകൾ എന്നിവയെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിരിച്ചെടുക്കുന്ന തുകയുടെ 10 ശതമാനം ഉപയോഗിച്ച് തുടക്കക്കാരായ കലാകാരന്മാരെയും നിശ്ചയദാർഢ്യ വിഭാഗക്കാരെയും പിന്തുണയ്ക്കാൻ പ്രത്യേക സാംസ്കാരിക ഫണ്ട് രൂപീകരിക്കും.