‘നിങ്ങളുടെ അവകാശങ്ങൾ ആദ്യം’; പുതിയ ബോധവൽക്കരണ ക്യാംപെയിനുമായി സൗദി വൈദ്യുതി അതോറിറ്റി
വൈദ്യുതി സേവനങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി ‘നിങ്ങളുടെ അവകാശങ്ങൾ ആദ്യം’ എന്ന പേരിൽ സൗദി വൈദ്യുതി അതോറിറ്റി വിപുലമായ ക്യാംപെയിൻ ആരംഭിച്ചു. ഊർജ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ ബോധവൽക്കരണ പരിപാടി നടപ്പിലാക്കുന്നത്. രാജ്യത്തെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ന്യായമായ രീതിയിലും സുതാര്യമായും സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നിരവധി നിർണ്ണായക നിബന്ധനകൾ ഈ ക്യാംപെയിന്റെ ഭാഗമായി അതോറിറ്റി മുന്നോട്ട് വെക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ സ്‌കൂളുകളിലെ പരീക്ഷാ കാലയളവിലും റമദാൻ മാസത്തിൽ ഗാർഹിക ഉപഭോഗ വിഭാഗത്തിലും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് പുതിയ ചട്ടങ്ങൾ പ്രകാരം തടഞ്ഞിട്ടുണ്ട്. കൂടാതെ, ഉച്ചയ്ക്ക് 12 മണിക്ക് ശേഷവും ഔദ്യോഗിക പ്രവൃത്തി സമയം അവസാനിച്ചതിന് ശേഷവും വൈദ്യുതി വിച്ഛേദിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
ബില്ലുകളുമായി ബന്ധപ്പെട്ട് പരാതികൾ നിലവിലുള്ള സാഹചര്യങ്ങളിലും ഉപഭോക്താക്കൾക്ക് സംരക്ഷണം ലഭിക്കും. വൈദ്യുതിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ആവശ്യമുള്ള രോഗികളോ മറ്റോ വീട്ടിലുണ്ടെങ്കിൽ അത്തരം സാഹചര്യങ്ങളിലും വൈദ്യുതി സേവനം തടസ്സപ്പെടുത്താൻ പാടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് തങ്ങളുടെ അവകാശങ്ങൾ കൃത്യമായി മനസ്സിലാക്കാനും മികച്ച സേവനം ഉറപ്പാക്കാനും ഈ ക്യാംപെയിൻ ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.