ലോകത്തിലെ മനോഹര മ്യൂസിയങ്ങളിൽ സായിദ് നാഷണൽ മ്യൂസിയവും

 

ലോകത്തെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളിലൊന്നായി അബുദാബിയിലെ സായിദ് നാഷണൽ മ്യൂസിയവും ഇടംനേടി. പ്രിക്സ് വെർസൈൽസ് (Prix Versailles) പ്രഖ്യാപിച്ച ഈ വർഷത്തെ ആഗോള വാസ്തുവിദ്യാ പട്ടികയിൽ ഇടം നേടിയ ഏഴ് മ്യൂസിയങ്ങളിൽ ഒന്നാണ് ഇത്. മിഡിലീസ്റ്റിൽ നിന്നുള്ള ഏക മ്യൂസിയവും ഇതുതന്നെ. മ്യൂസിയം, വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, കാമ്പസുകൾ എന്നീ മേഖലകളിലെ മികച്ച വാസ്തുവിദ്യയും രൂപകല്പനകളുമാണ് പ്രിക്സ് വെർസൈൽസ് തിരഞ്ഞെടുക്കുന്നത്. യു.എ.ഇ.യുടെ പൈതൃകത്തിലേക്കും ചരിത്രത്തിലേക്കും സന്ദർശകരെ സ്വാഗതംചെയ്യാൻ കഴിഞ്ഞ ഡിസംബറിലാണ് സായിദ് നാഷണൽ മ്യൂസിയം തുറന്നത്. ചരിത്രവും നവീകരണവും സമന്വയിക്കുന്ന ഇടം സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്ടിലാണ് സ്ഥിതിചെയ്യുന്നത്. ആറ് സ്ഥിരം ഗാലറികൾ, ഒരു താത്കാലിക പ്രദർശനസ്ഥലം, ഔട്ട്‌ഡോർ ഗാലറി എന്നിവിടങ്ങളിലായി 3000-ലേറെ പുരാവസ്തുക്കളും മ്യൂസിയത്തിലുണ്ട്.