ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനിക്ക് ജയം
ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ സൊഹ്‌റാൻ മംദാനി വിജയം നേടി. 34-കാരനായ ഇദ്ദേഹം ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാണ് സ്ഥാനമേൽക്കുന്നത്. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവായ മീരാ നായരുടെയും ഉഗാണ്ടൻ അക്കാദമീഷ്യനായ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ. തിരഞ്ഞെടുപ്പിൽ മംദാനിക്ക് തന്നെയായിരുന്നു മുൻതൂക്കവും വിജയസാധ്യതയും പ്രവചിക്കപ്പെട്ടിരുന്നത്.
പലസ്തീൻ അനുകൂല നിലപാടുകൾ സ്വീകരിച്ചതും ഇസ്രായേൽ നടത്തുന്ന വംശഹത്യയെ ശക്തമായി വിമർശിച്ചതുമാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മംദാനിക്കെതിരെ തിരിയാൻ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ. ഗാസയിലെ വംശഹത്യക്ക് സാമ്പത്തിക സഹായം നൽകുന്നതിനെ അദ്ദേഹം എതിർക്കുന്നു. കൂടാതെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ വന്നാൽ യുദ്ധക്കുറ്റത്തിന് അറസ്റ്റ് ചെയ്യുമെന്നും മംദാനി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ട്രംപിനെ അമേരിക്കൻ ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്നം എന്ന് വിശേഷിപ്പിച്ചുകൊണ്ട് മംദാനി തിരിച്ചടി നൽകിയിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന സൊഹ്‌റാൻ മംദാനിയുടെ വിജയം ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ്, തൻ്റെ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് ട്രംപ് എതിർപ്പ് പ്രകടിപ്പിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ, ഒരു കമ്മ്യൂണിസ്റ്റാണ് ന്യൂയോർക്ക് ഭരിക്കുന്നതെങ്കിൽ, അവിടേക്ക് അയയ്ക്കുന്ന ഫെഡറൽ ഫണ്ട് പാഴാകുമെന്നും ട്രംപ് ആരോപിച്ചു.
മംദാനിയാണ് മേയറാകുന്നതെങ്കിൽ, പ്രസിഡൻ്റ് എന്ന നിലയിൽ ന്യൂയോർക്കിന് ധാരാളം പണം നൽകുന്നത് തനിക്ക് ബുദ്ധിമുട്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ സ്റ്റേറ്റ് അസംബ്ലി അംഗമായ 34 വയസ്സുകാരനായ സൊഹ്‌റാൻ മംദാനി, ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് ജനിച്ചത്. 2018-ൽ അമേരിക്കൻ പൗരത്വം നേടിയ അദ്ദേഹം, ന്യൂയോർക്കിലെ സാധാരണക്കാരായ ജനങ്ങളുടെ ശബ്ദമായിട്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.