സന്ദർശക പ്രവാഹത്തിൽ റെക്കോർഡിട്ട് സൗദി; 2025-ൽ എത്തിയത് 12.3 കോടി വിനോദസഞ്ചാരികൾ

 

കഴിഞ്ഞ വർഷം (2025) സൗദി അറേബ്യയിൽ റെക്കോർഡ് എണ്ണം വിനോദസഞ്ചാരികൾ എത്തിയതായി സൗദി ടൂറിസം മന്ത്രാലയത്തിന്റെ വാർഷിക സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. വിദേശികളും സ്വദേശികളുമായ സന്ദർശകരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. മൊത്തം 12.3 കോടി ജനങ്ങളാണ് 2025-ൽ രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത്.

സഞ്ചാരികളുടെ എണ്ണത്തിൽ മാത്രമല്ല, ടൂറിസം മേഖലയിലെ വരുമാനത്തിലും വൻ മുന്നേറ്റമാണുണ്ടായത്. 2024-നെ അപേക്ഷിച്ച് ചെലവിടലിൽ ഏഴ് ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 304 ബില്യൺ സൗദി റിയാലാണ് ടൂറിസം മേഖലയിലൂടെ രാജ്യത്ത് മൊത്തമായി ചിലവഴിക്കപ്പെട്ടത്.

റിപ്പോർട്ട് പ്രകാരം 29.3 ദശലക്ഷം വിദേശ വിനോദസഞ്ചാരികളാണ് കഴിഞ്ഞ വർഷം സൗദിയിലെത്തിയത്. ഇവർ വഴി 76.6 ബില്യൺ റിയാലിന്റെ വരുമാനമുണ്ടായി. ഇതേകാലയളവിൽ രാജ്യത്തിനകത്തുനിന്നുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 93.3 ദശലക്ഷമായി ഉയർന്നു. 127.1 ബില്യൺ റിയാലാണ് ആഭ്യന്തര സഞ്ചാരികൾ വഴി ടൂറിസം വിപണിയിലെത്തിയത്. 'വിഷൻ 2030' പദ്ധതികളുടെ ഭാഗമായി ടൂറിസം മേഖലയിൽ നടപ്പാക്കിയ വൻ വികസനങ്ങളാണ് ഈ റെക്കോർഡ് നേട്ടത്തിന് പിന്നിൽ.