സൗദിയിൽ കനത്ത മഴ തുടരുന്നു; മക്കയിലും മദീനയിലും റെഡ് അലേർട്ട്, ശനിയാഴ്ച വരെ ജാഗ്രത
മക്കയും മദീനയും ഉൾപ്പെടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്നും ശനിയാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് പലയിടങ്ങളിലും മലവെള്ളപ്പാച്ചിലും താൽക്കാലിക വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മദീനയിലെ വിവിധ പ്രദേശങ്ങളിലും ത്വാഇഫിലും നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തബൂക്ക്, അൽ ജൗഫ്, ഹാഇൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ബഹ, അസീർ, ജിസാൻ, നജ്‌റാൻ, റിയാദ്, അൽ ഖസീം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പുള്ളത്. ഈ ആഴ്ച അവസാനിക്കുന്നത് വരെ മിതമായതോ ശക്തമായതോ ആയ മഴ ഈ മേഖലകളിൽ തുടരും. ജിദ്ദ, അൽ ഖസീം, ഹാഇൽ ഹൈവേകൾ വഴി യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് അധികൃതർ നിർദ്ദേശിച്ചു. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത നിയന്ത്രിക്കണം.
നേരത്തെ സൗദിയിൽ ചുഴലിക്കാറ്റ് ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കാലാവസ്ഥ ശാന്തമായതിനെത്തുടർന്ന് അത് പിൻവലിച്ചിട്ടുണ്ട്. എങ്കിലും ആലിപ്പഴ വർഷം, കടലിൽ ഉയർന്ന തിരമാലകൾ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ചിലയിടങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. സിവിൽ ഡിഫൻസ് മന്ത്രാലയത്തിന്റെ വിവിധ പ്ലാറ്റ്‌ഫോമുകൾ വഴി നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
English Slug: Heavy rain continues in Saudi Arabia; Red alert issued for Makkah and Madinah until Saturday.