വ്യാജരേഖകളുമായി കൊട്ടാരക്കരയിൽ 10 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ; എ.ടി.എസ് ചോദ്യം ചെയ്യുന്നു

 

തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (ATS) രഹസ്യ വിവരത്തെ തുടർന്ന് കൊട്ടാരക്കരയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ പത്ത് ബംഗ്ലാദേശ് പൗരന്മാർ പോലീസ് കസ്റ്റഡിയിലായി. കൊട്ടാരക്കര ലോവർ കരിക്കത്തെ ആക്രിക്കടയിലെ തൊഴിലാളികളായ കെ. ഫറൂദ് (42), മുഹമ്മദ് നയിം ഖാൻ (28), മുഹമ്മദ് ഇമ്രാൻഖാൻ (43), മുഹമ്മദ് അലി ഹുസൈൻ (43), ഖദീജ (38), മുംതാസ് (37), മുഹമ്മദ് ആരിഫ് (26) എന്നിവരും മൂന്ന് കുട്ടികളുമാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം ചവറയിൽ ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിലായിരുന്നു. ഇവരെ മിലിട്ടറി ഇന്റലിജൻസും എ.ടി.എസും ചേർന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊട്ടാരക്കരയിലെ സംഘത്തെക്കുറിച്ച് നിർണ്ണായക സൂചന ലഭിച്ചത്. ഒരു മാസം മുൻപാണ് ഇവർ കൊട്ടാരക്കരയിൽ താമസം ആരംഭിച്ചത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കടന്ന ഇവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറിമാറി താമസിച്ചു വരികയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

കസ്റ്റഡിയിലായവരുടെ പക്കൽ നിന്ന് ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇവയെല്ലാം വ്യാജമായി നിർമ്മിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നിലവിൽ ഭീകരവിരുദ്ധ സ്ക്വാഡിലെയും മിലിട്ടറി ഇന്റലിജൻസിലെയും ഉദ്യോഗസ്ഥർ ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും ഇവർക്ക് വ്യാജരേഖകൾ ചമച്ചു നൽകിയ പ്രാദേശിക സഹായം എവിടെ നിന്നാണ് ലഭിച്ചതെന്നും അറിയാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കസ്റ്റഡിയിലായവരെ തുടർനടപടികൾക്കായി ഫോറിൻ രജിസ്‌ട്രേഷൻ വകുപ്പിന് കൈമാറുകയും തുടർന്ന് ഡിറ്റെൻഷൻ സെന്ററിലേക്ക് മാറ്റുകയും ചെയ്യും.