ഓണത്തിരക്ക് കുറയ്ക്കാൻ കേരളത്തിലേക്ക് 112 സ്‌പെഷ്യൽ ട്രെയിനുകൾ
ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് നിയന്ത്രിക്കാൻ കേരളത്തിലേക്ക് 112 സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയാണ് പ്രത്യേക സർവീസുകൾ നടത്തുക.
തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് സ്പെഷ്യൽ ട്രെയ്നുകൾ സർവീസ് നടത്തുകയെന്ന് റെയ്ൽവേ അറിയിച്ചു.ചെന്നൈ, ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, സാന്ദ്രഗാച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, എറണാകുളം, മംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് ഉണ്ടാകും. ദക്ഷിണ റെയ്ൽവേ, ദക്ഷിണ പശ്ചിമ റെയ്ൽവേ, ദക്ഷിണ മധ്യ റെയ്ൽവേ, ദക്ഷിണ കിഴക്കൻ റെയ്ൽവേ എന്നിവ സംയുക്തമായാണ് സർവീസ് നടത്തുക.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഓണം സീസണിലെ സ്‌പെഷ്യൽ ട്രെയിനുകളുടെ എണ്ണം റെയിൽവേ ഇരട്ടിയാക്കിയിട്ടുണ്ട്. 2025-ൽ 55 പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്. യാത്രക്കാരുടെ വർധിച്ച ആവശ്യകത പരിഗണിച്ചാണ് ഇത്തവണ 112 സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.