കോന്നിയിൽ 13-കാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; പെൺകുട്ടി ഉൾപ്പെടെ ആറുപേർക്കെതിരെ കേസ്

 

പത്തനംതിട്ട കോന്നിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പതിമൂന്ന് വയസ്സുകാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം. സ്കൂളിൽ വെച്ച് നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള സഹപാഠികളാണ് തനിക്കെതിരെ അതിക്രമം നടത്തിയതെന്നാണ് കുട്ടിയുടെ മൊഴി.

പെൺകുട്ടി നൽകിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത ആറുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചും സ്കൂളിൽ വെച്ചുമാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് വിവരം. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ജുവനൈൽ ജസ്റ്റിസ് (Juvenile Justice Act) നിയമപ്രകാരമാണ് പോലീസ് നിലവിൽ കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.