16കാരനെ മർദിച്ചെന്ന പരാതി: ഞാറക്കൽ എസ്ഐക്കെതിരെ കൂടുതൽ ആരോപണങ്ങൾ

 

എറണാകുളം ഞാറക്കലിൽ 16കാരന്റെ മുഖത്തടിച്ചെന്ന പരാതിക്ക് പിന്നാലെ എസ്ഐ അരുണിനെതിരെ കൂടുതൽ പരാതികൾ ഉയരുന്നു. ചേരാനല്ലൂർ സ്വദേശി കിരണാണ് എസ്ഐക്കെതിരെ പുതിയ പരാതിയുമായി രംഗത്തെത്തിയത്.കഴിഞ്ഞ മാസം പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ എസ്ഐ അരുൺ തന്നെ മർദിച്ചെന്നാണ് കിരണിന്റെ ആരോപണം. കരണത്തടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി അദ്ദേഹം പറയുന്നു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും കിരൺ ആരോപിച്ചു.

ഇതിനിടെ, മാല നഷ്ടപ്പെട്ട കേസുമായി ബന്ധപ്പെട്ട് 60കാരിയായ അമ്മൂമ്മയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ 16കാരനെ എസ്ഐ മുഖത്തടിച്ചെന്ന പരാതിയും വലിയ വിവാദമായിരുന്നു. കേൾവിക്കുറവുള്ള അമ്മൂമ്മയ്ക്ക് പകരമായി കുട്ടി എസ്ഐയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥൻ പ്രകോപിതനായതെന്നും തുടർന്ന് കുട്ടിയെ മർദിച്ചതായും കുടുംബം ആരോപിക്കുന്നു.സംഭവത്തിന് പിന്നാലെ കുട്ടി ചികിത്സയ്ക്കായി ആശുപത്രിയെ സമീപിച്ചിരുന്നു. രണ്ട് പരാതികളും പുറത്തുവന്ന സാഹചര്യത്തിൽ എസ്ഐക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.