17 കാരനെതിരായ പൊലീസ് മര്‍ദ്ദനം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

 

നെന്മാറയില്‍ 17 കാരനെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ അറിയിച്ചു.

ബാലാവകാശ കമ്മീഷന്‍ കേസിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനും കേസെടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥി നെന്മാറയില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സിയിലാണ്. വാഹനത്തിന്റെ അരികിലേക്ക് വിളിച്ചുവരുത്തിയ ഉടന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. തലയിലും കഴുത്തിലും പൊലീസ് ഉദ്യോഗസ്ഥന്‍ മാരകമായി മര്‍ദ്ദിച്ചെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. പൊലീസ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

മകനെ മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും സാധനം വാങ്ങാന്‍ കടയില്‍ പോയതാണെന്നും മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. തല ജീപ്പില്‍ ഇടിപ്പിച്ചെന്നും മുഖം വീങ്ങിയിരിക്കുകയാണെന്നും പിതാവ് പറഞ്ഞു. രാജേഷ് എന്ന ഉദ്യോഗസ്ഥനാണ് മകനെ മര്‍ദ്ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.