വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി അംഗങ്ങൾ
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാരിൽ 19 പേരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് വൈകിട്ട് 4.30ന് കോർപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.
എന്നാല്‍ കാപ്പ കേസ് ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ സുഗതന് ഇന്ന് സത്യ പ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ല. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് 20 പേരുടെ സത്യപ്രതിജ്ഞയായിരുന്നു ഹൈക്കോടതി അസാധുവാക്കിയത്. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഇന്ന് തന്നെ സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത്..
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധം എന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയത്.നാല് ആഴ്ചയ്ക്കുള്ളിൽ കൗൺസിലർമാർ വീണ്ടും നിയമാനുസൃതമായി സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി നിർദേശിച്ചു. കോർപ്പറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഉത്തരവ് പുറപ്പൊടുവിച്ചത്.
അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിനെതിരെ എൽഡിഎഫ് രംഗത്തെത്തി. മറ്റ് ജനപ്രതിനിധികളെ അറിയിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും ചടങ്ങ് സംഘടിപ്പിച്ചുവെന്നാണ് ആരോപണം. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് പരാതി നൽകി. ചട്ടവിരുദ്ധമായി നടത്തിയ ചടങ്ങിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.