കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം
Updated: Jul 23, 2026, 14:06 IST
കോഴിക്കോട് കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂവാറംതോട് സ്വദേശി അഭിജിത്ത് (19) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പൂവാറംതോട്ടിൽ നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും, മുക്കത്തുനിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ബൈക്കിൽ അഭിജിത്തിനൊപ്പം യാത്ര ചെയ്തിരുന്ന സുധീഷിനും (19) പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അഭിജിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.