കോട്ടയത്ത് വീട് കുത്തിത്തുറന്ന് 24 പവൻ സ്വർണം മോഷ്ടിച്ചു
കോട്ടയം പൂവത്തളപ്പിൽ വീട് കുത്തിത്തുറന്ന് 24 പവൻ സ്വർണവും പണവും മോഷ്ടിച്ചു. ചൊള്ളൻപുഴ സി.ജെ. ഏബ്രഹാമിന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
ഏബ്രഹാമിന്റെ ഭാര്യ അസുഖത്തെ തുടർന്ന് പാലായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏബ്രഹാമും ഭാര്യയ്ക്കൊപ്പം ആശുപത്രിയിലായിരുന്നു. ഇതിനിടെ മൂത്ത മകൻ, രണ്ടാമത്തെ മകനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. രണ്ടാമത്തെ മകനും കുടുംബവും യുകെയിലേക്ക് മടങ്ങുകയായിരുന്നു.
വിമാനത്താവളത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാര കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായി വ്യക്തമായത്.
ആദ്യം 40 പവൻ സ്വർണം മോഷണം പോയെന്നാണ് വീട്ടുകാർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് വീടിന് സമീപത്തുനിന്ന് ഏതാനും സ്വർണാഭരണങ്ങൾ കണ്ടെത്തി. മോഷ്ടാക്കളുടെ കൈയിൽനിന്ന് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.