മണ്ണുത്തിയിൽ വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ സ്വർണവും 50,000 രൂപയും കവർന്നു;
തൃശൂർ മണ്ണുത്തി മുല്ലക്കരയിൽ വീട്ടുടമയെ കെട്ടിയിട്ട് മോഷണം. വെട്ടിക്കൽ സ്വദേശി ചെറുവാറ വീട്ടിൽ സോമശേഖരന്റെ വീട്ടിലാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ഏകദേശം 40 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്നതായി പോലീസ് അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന സോമശേഖരനെ ഹിന്ദി സംസാരിച്ചെത്തിയ മൂന്നംഗ സംഘം കെട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും സംഘം കവർന്നതായി പരാതിയിൽ പറയുന്നു.
മോഷണത്തിന് പിന്നാലെ സംഘം വീട്ടിൽ നിന്ന് പുറത്തുകടന്നതോടെ സോമശേഖരൻ കെട്ടഴിച്ച് പുറത്തേക്ക് ഓടി സമീപവാസികളെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവരം മണ്ണുത്തി പോലീസിൽ അറിയിച്ചു.പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള പ്രത്യേക സംഘങ്ങള്‍ തെളിവുകള്‍ ശേഖരിച്ച് വരികയാണ്. കവര്‍ച്ച നടത്തിയ സംഘത്തെ കണ്ടെത്താന്‍ വ്യാപക അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.