കേരളത്തിൽ സർവീസ് നടത്തുന്ന 6 സ്‌പെഷൽ ട്രെയിനുകൾ സ്ഥിരം സർവീസാക്കും
കേരളത്തിൽ സ്‌പെഷൽ സർവീസ് നടത്തുന്ന 6 ട്രെയിനുകൾ വൈകാതെ സ്ഥിരം സർവീസാക്കി മാറ്റാൻ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോർജ് കുര്യനെ അറിയിച്ചു. കൊല്ലം-വിശാഖപട്ടണം എക്‌സ്പ്രസ്, പാലക്കാട്- കണ്ണൂർ എക്സ്പ്രസ്, കണ്ണൂർ- കോഴിക്കോട് എക്‌സ്പ്രസ്, എറണാകുളം- കൊല്ലം മെമു, തിരുവനന്തപുരം നോർത്ത്- മംഗളൂരു ജംക്ഷൻ അന്ത്യോദയ, എറണാകുളം- വേളാങ്കണ്ണി സ്‌പെഷലുകളാണ് സ്ഥിരം സർവീസുകളാക്കുന്നത്. ഇതോടെ ഇവയുടെ ടിക്കറ്റ് നിരക്ക് കുറയും.
ആഴ്ചയിൽ 2 ദിവസമുള്ള എറണാകുളം- വേളാങ്കണ്ണി സർവീസിനു പുറമേയാണു പുതിയ എറണാകുളം-വേളാങ്കണ്ണി സർവീസ് വരുന്നത്. കോട്ടയം, കൊല്ലം, ചെങ്കോട്ട, മധുര വഴിയാകും സർവീസ്. തിരുവനന്തപുരം-മംഗളൂരു അന്ത്യോദയ, കൊല്ലം- വിശാഖപട്ടണം ട്രെയിനുകൾ പ്രതിവാര സർവീസുകളാണ്.
അതേസമയം തന്റെ അപേക്ഷയിൽ ഉടനടി നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും വിഷയത്തിൽ പ്രതികരിച്ചു.