ഇടുക്കിയിലെ 60% ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം ഉറപ്പാക്കി: വി.ഡി. സതീശൻ
ഇടുക്കിയിലെ 60 ശതമാനം ഭൂപ്രശ്‌നങ്ങൾക്കും പരിഹാരം ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ബാക്കിയുള്ള വിഷയങ്ങൾ സുപ്രീം കോടതിയിൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ഉപാധിരഹിതമായി ഭൂമി ക്രമവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനായി ഒക്ടോബറിൽ നിയമഭേദഗതി കൊണ്ടുവരും. ആനത്താരകളിലെ അനധികൃത ഫെൻസിംഗ് ഉൾപ്പെടെയുള്ള തടസങ്ങൾ നീക്കം ചെയ്യുമെന്നും ചിന്നക്കനാൽ ഉൾപ്പെടെയുള്ള മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച് ആശയക്കുഴപ്പം വേണ്ടെന്നും ജനവാസമേഖലകൾ ഇഎസ്എയിൽ ഉൾപ്പെടില്ലെന്ന് ഉറപ്പ് നൽകുന്നതായും സതീശൻ വ്യക്തമാക്കി. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് ചില ചാനലുകൾ നടത്തിയ സർവേകളെ പരാമർശിച്ച മുഖ്യമന്ത്രി, യുഡിഎഫ് നൂറിലധികം സീറ്റുകളിൽ വിജയിക്കുമെന്ന് താൻ പറഞ്ഞിരുന്നെന്നും അതിലും കൂടുതൽ സീറ്റുകൾ ലഭിച്ചെന്നും ചൂണ്ടിക്കാട്ടി. ജനദ്രോഹ സർക്കാരിന്റെ അന്ത്യം കുറിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.