കോഴിക്കോട്ട് 16കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ബന്ധുവായ യുവാവ് ജീവനൊടുക്കി
കോഴിക്കോട് ചെലവൂരിൽ പതിനാറു വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനി നസ്രീനയാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം ബന്ധുവായ അദിനാൻ എന്ന യുവാവ് സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
സംഭവത്തിൽ വലിയ ദുരൂഹത നിലനിൽക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. മരിച്ച അദിനാന്റെ വായ സെലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കള്ളത്താക്കോൽ ഉപയോഗിച്ച് വീടിനുള്ളിൽ കടന്നാണ് അദിനാൻ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് വിവരം. മൂഴിക്കൽ പൂതംകുഴിയിലെ തറവാട്ട് വീട്ടിൽ ഉപ്പുപ്പയ്ക്കും ഉമ്മുമ്മയ്ക്കുമൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. എന്നാൽ ചില തർക്കങ്ങളെത്തുടർന്ന് കുറച്ചുനാൾ മുൻപ് അദിനാൻ ഈ വീട്ടിൽ നിന്നും മാറി താമസിച്ചിരുന്നു.
മരിച്ച നസ്രീന നിസാർ-റംസീന ദമ്പതികളുടെ മകളാണ്. അദിനാൻ ഹംസ-ഹസീന ദമ്പതികളുടെ മകനാണ്. നസ്രീനയുടെ പിതാവ് ഹംസ വിദേശത്താണ്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.