താമരശേരിയിൽ നിർത്തിയിട്ട ബസ്സിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ
കോഴിക്കോട് താമരശേരിയിൽ നിർത്തിയിട്ട ബസ്സിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി സ്വദേശി കെ.കെ അനീഷ്, കൈതപ്പൊയിൽ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്.
അടിവാരം-കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ ഡ്രൈവറാണ് അനീഷ്, ക്ലീനറാണ് സജിത്ത്. യുവതിയുടെ വീടുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികൾ. ഏപ്രിൽ മാസത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കാറിലെത്തിയ പ്രതികൾ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ച ശേഷമാണ് ഒടുവിൽ നിർത്തിയിട്ട ബസ്സിൽ വെച്ചും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മാനസികമായും ശാരീരികമായും തളർന്ന യുവതി താമരശേരിയിലും തുടർന്ന് കാക്കൂർ പൊലീസിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഇരുവരെയും അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.