അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച സംഭവം; അച്ഛനെ കസ്റ്റഡിയിലെടുത്തു, കുട്ടിയെ ഷെൽട്ടറിലേക്ക് മാറ്റി

 

പാലക്കാട് മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ അച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ അച്ഛനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിനിടെ കുട്ടി മർദനവിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് കേസെടുത്തത്. തുടർന്ന് കുട്ടിയെ വീട്ടിൽ നിന്നും ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടറിലേക്ക് മാറ്റി.വണ്ടിത്താവളം കെയോടാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ അച്ഛൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അച്ഛൻ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.ആദ്യഘട്ടത്തിൽ അമ്മയും കുട്ടിയും പരാതി നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് വിഷയം ചൈൽഡ് ലൈന്റെ ശ്രദ്ധയിൽപ്പെടുത്തി നടത്തിയ ഇടപെടലുകളുടെയും കൗൺസിലിംഗിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് നിയമനടപടികൾ സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.