ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് അവസാന മുന്നറിയിപ്പ്; ലഹരി വിൽപ്പനയ്ക്ക് ആംബുലൻസുകൾ ഉപയോഗിച്ചാലും കർശന നടപടിയെന്ന് ആഭ്യന്തരമന്ത്രി

 

ഓൺലൈൻ ഡെലിവറി സംവിധാനങ്ങൾ വഴിയും ആംബുലൻസുകൾ ഉപയോഗിച്ചും നടത്തുന്ന ലഹരി വിൽപ്പനയ്‌ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഡെലിവറി ജീവനക്കാരിൽ ചിലർ ലഹരി കടത്തുന്നതായി വ്യാപകമായ പരാതി ഉയർന്നിട്ടുണ്ടെന്നും ഈ പരിപാടി ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് ലഹരി മാഫിയകൾക്കുള്ള അവസാന മുന്നറിയിപ്പാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയകളെ ലക്ഷ്യമിട്ട് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) കേസുകളിൽ ഒരു തരത്തിലുള്ള രാഷ്ട്രീയ ശുപാർശകളും സ്വീകരിക്കരുതെന്ന് പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

രോഗികളുമായി പോകുന്ന ആംബുലൻസുകൾ ലഹരി വിൽപ്പനയ്ക്കായി ദുരുപയോഗം ചെയ്യുന്നതായി പരാതി ലഭിച്ച പശ്ചാത്തലത്തിൽ ആംബുലൻസുകളിലും ശക്തമായ പരിശോധന നടത്തും. ലഹരി വിരുദ്ധ റെയ്ഡുകളിൽ പൊതുജനങ്ങളും പങ്കാളികളാകുന്നത് സ്വാഗതാർഹമാണെന്ന് പറഞ്ഞ മന്ത്രി, ജനങ്ങൾ ഒന്നടങ്കം 'തൂഫാൻ വാരിയേഴ്‌സ്' ആയി മാറണമെന്നും ആഹ്വാനം ചെയ്തു.

അതേസമയം, യു.ഡി.എഫ് സർക്കാരിന്റെ ബജറ്റിൽ ആലപ്പുഴ ജില്ലയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കയർ മേഖലയ്ക്കായി 157 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കടബാധ്യതകൾ നിലനിൽക്കുന്നതിനാൽ കയർ മേഖലയിൽ ഇനി പുതിയ നിയമനങ്ങളോ താൽക്കാലിക നിയമനങ്ങളോ ദിവസവേതന വ്യവസ്ഥയിലുള്ള നിയമനങ്ങളോ ഉണ്ടാകില്ല. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പരസ്യങ്ങൾ നൽകുന്നതും വിലക്കിയിട്ടുണ്ട്. കെ. കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും എന്നാൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ പകർപ്പ് ലഭിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.