മലപ്പുറത്ത് വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു; ഗുരുതര പരിക്ക്
മലപ്പുറം ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനകത്ത് കയറി തെരുവ് നായ ക്രൂരമായി കടിച്ചുകീറി. ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്കും മുഖത്തിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബന്ധുവീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി വിരുന്നെത്തിയ മുഹമ്മദ് റാഫി-ജൗഹറ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള മകൻ ഹനി അസീമിനാണ് കടിയേറ്റത്. കുഞ്ഞിന്റെ മുഖത്തും, ചെവിയിലും, തലയിലും, കയ്യിലുമെല്ലാം നായയുടെ കടിയേറ്റിട്ടുണ്ട്. ചോരയൊലിക്കുന്ന നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇതേ ഒതുക്കുങ്ങൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ മൂന്ന് പേർക്ക് കൂടി തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന മറ്റത്തൂരങ്ങാടി സ്വദേശി പുളിക്കൽ റിഷാദ് അലി, മുസ്ലിയാരങ്ങാടി സ്വദേശി നാരായണൻ, മുനമ്പത്ത് സ്വദേശിനി സൈനബ എന്നിവർക്കാണ് കടിയേറ്റത്. ഇവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് ഭീതി പരത്തിയ കറുത്ത നിറത്തിലുള്ള ഒരേ നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചതെന്ന് വാർഡ് അംഗം സി.കെ. റഹൂഫ് സ്ഥിരീകരിച്ചു. ഒതുക്കുങ്ങൽ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.