വാൽപ്പാറയിൽ വീടിന്റെ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

 

വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിൽ അമ്മയോടൊപ്പം വീടിന്റെ വാതിൽക്കൽ ഇരുന്ന് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു. തേയിലത്തോട്ടത്തിൽ പതുങ്ങിയിരുന്ന പുലി പെട്ടെന്ന് ചാടിവീണ് കുട്ടിയെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ഒരു വർഷം മുമ്പ് ഇതേ എസ്റ്റേറ്റിൽ വെച്ച് ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ കുട്ടിയെ പുലി കടിച്ചുകൊന്നിരുന്നു. വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച ആ സംഭവത്തിനു ശേഷം വീണ്ടും പറളായി എസ്റ്റേറ്റിൽ സമാനമായ ആക്രമണം ആവർത്തിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.