ഹൃദയത്തിൽ ദ്വാരം, വേണ്ടിയിരുന്നത് സങ്കീര്‍ണ ശസ്ത്രക്രിയ, ശസ്ത്രക്രിയക്ക് പുതിയ വഴി കണ്ടെത്തി  

 

 


  ആരോഗ്യമേഖലയിൽ മറ്റൊരു നാഴികക്കല്ലായി കോട്ടയം മെഡിക്കൽ കോളജിൽ അതിനൂതന ശസ്ത്രക്രിയ വിജയം. ജന്മനായുള്ള ഹൃദയത്തിലെ ദ്വാരമായ സൈനസ് വിനോസസ് എ.എസ്.ഡി കാർഡിയോളജി ഇന്റർവെൻഷണൽ പ്രൊസീജിയറിലൂടെ അടച്ചു. ആൻജിയോപ്ലാസ്റ്റി പോലെ താക്കോൽദ്വാര സുഷിരം വഴി സ്റ്റെന്റ് ഘടിപ്പിച്ചാണ് ഇന്റർവെൻഷൻ നടത്തിയത്. 

പാല സ്വദേശിനിയായ 42 കാരി്ക്കാണ് ഇന്റർവെൻഷണൽ പ്രൊസീജിയർ നടത്തിയത്. സാധാരണ സങ്കീർണ ഹൃദയ ശസ്ത്രക്രിയ വഴി അടയ്ക്കുന്ന ദ്വാരമാണ് നൂതന ചികിത്സാ രീതിയായ സ്റ്റെന്റ് ഉപയോഗിച്ച് കാത്ത് ലാബിൽവച്ച് അടച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.ഹൃദയത്തിൽ ജന്മനായുള്ള പ്രശ്നമായതിനാൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ശനിയാഴ്ച പ്രൊസീജിയർ നടത്തിയത്. താക്കോൽദ്വാര പ്രൊസീജിയറായതിനാൽ രക്തസ്രാവം ഒഴിവാക്കാനായി. അതിനാൽ തന്നെ രക്തം നൽകേണ്ടി വന്നതുമില്ല.

 ശസ്ത്രക്രിയ പോലെ അധികം വിശ്രമവും ആവശ്യമില്ല. തീവ്ര പരിചരണത്തിന് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു.പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. അനിൽ എസ്.ആർ, അസി. പ്രൊഫസർ ഡോ. ഹരിപ്രിയ ജയകുമാർ, അനസ്തീഷ്യോളജിസ്റ്റ് ഡോ. സജി കെ.എം, കാത്ത് ലാബ് ടെക്നീഷ്യൻ അനു, സന്ധ്യ, ജയിൻ, അനസ്തീഷ്യ ടെക്നീഷ്യൻ അരുൺ, സീനിയർ നഴ്സ് സൂസൻ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.