പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ കർണാടക സ്വദേശിയെ തിരയിൽപെട്ട് കാണാതായി; ഒരാളെ രക്ഷപ്പെടുത്തി
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ തീർത്ഥാടക സംഘത്തിലെ ഒരാളെ ശക്തമായ തിരമാലയിൽപെട്ട് കാണാതായി. കൊട്ടിയൂർ ഉത്സവത്തിനെത്തിയ കർണാടക സ്വദേശിയെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന മറ്റൊരാളെ ലൈഫ് ഗാർഡുകൾ ഉടൻ തന്നെ രക്ഷപ്പെടുത്തി. കാണാതായ ആൾക്കായി തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ കടലിൽ തിരച്ചിൽ തുടരുകയാണ്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കർണാടകയിൽ നിന്നുള്ള നാലംഗ സംഘം പയ്യാമ്പലത്ത് എത്തിയത്. കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ വിദ്യാർഥികൾ അടങ്ങുന്ന സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്. നിലവിൽ കടൽ അതീവ പ്രക്ഷുബ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. കോസ്റ്റ് ഗാർഡിന്റെ അഞ്ചംഗ സംഘമാണ് ഇപ്പോൾ കടലിൽ കാണാതായ ആൾക്കായി തിരച്ചിൽ നടത്തുന്നത്. ഇന്ന് രാവിലെയും സമാന രീതിയിൽ കടലിൽ കുളിക്കാനിറങ്ങിയ ഒരാൾ അപകടത്തിൽ പെട്ടിരുന്നെങ്കിലും ലൈഫ് ഗാർഡ് സമയബന്ധിതമായി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
കൊട്ടിയൂർ തീർത്ഥാടന കാലമായതിനാൽ കർണാടകയിൽ നിന്നുൾപ്പെടെ വലിയ ജനത്തിരക്കാണ് കണ്ണൂരിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നത്. അപകടസാധ്യത മുന്നിൽക്കണ്ട് ലൈഫ് ഗാർഡുകൾ നിരന്തരം സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും, ഇത് വകവെയ്ക്കാതെ ആളുകൾ കടലിൽ ഇറങ്ങുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.